കൊല്ലം: പാഞ്ഞെത്തി യുവതിയെ ഇടിച്ചുത്തെറിപ്പിച്ച കാർ നിർത്താതെ പോയി. കൊല്ലം ചിതറിയിലാണ് ദാരുണ സംഭവം.ചിതറ മുള്ളിക്കാട് സ്വദേശി മീരയ്‌ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയിൽ അധികൃതർ അറിയിച്ചു. മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കൊല്ലായിൽ ഭാഗത്ത് നിന്നെത്തിയ കാറാണ് മീരയെ ഇടിച്ചിട്ടത്. യുവതിയെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. യുവതിയുടെ സമീപത്തായി റോഡരികിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവർ അപകടത്തിൽപെടാതെ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറിനായി ചിതറ പൊലീസ് അന്വേഷണം തുടരുകയാണ്. മനഃപൂർവമാണോ അപകടമുണ്ടാക്കിയതെന്ന സംശയത്തിലാണ് പാെലീസ്.















