എറണാകുളം: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് താരങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് താരങ്ങൾക്കെതിരെയുള്ള പരാതി.
ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ നടിയാണ് ഇവർക്കെതിരെയും പരാതി നൽകിയിരിക്കുന്നത്.
നടന്മാർക്കെതിരെയുള്ള പീഡനാരോപണങ്ങളിൽ താരങ്ങൾ യുട്യൂബ് ചാനലിലൂടെ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. ഇത് തന്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ പരാതിക്കാരിയുടെ മൊഴിയും പ്രതിചേർക്കപ്പെട്ട താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.















