ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണാണ് വെടിവച്ചു വീഴ്‌ത്തിയത്. 500 ഗ്രാം ഹെറോയിൻ, ഒരു പിസ്റ്റൾ, മാഗസിൻ എന്നിവയാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
” രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ഡ്രോൺ പഞ്ചാബിൽ വച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. ഡ്രോൺ ശ്രദ്ധയിൽ പെട്ട ഉടനെ ഉദ്യോഗസ്ഥർ ഇതിനെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നുവെന്നും ബിഎസ്എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒരു ദിവസത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇത്തരത്തിൽ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം തടയുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
പഞ്ചാബിൽ പലപ്പോഴും ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ ബിഎസ്എഫ് തടയാറുണ്ട്. കഴിഞ്ഞ മാർച്ചിൽ അമൃത്സറിൽ വച്ച് രണ്ട് പാക് നിർമ്മിത ഡ്രോണുകൾ പഞ്ചാബ് പൊലീസ് പിടിച്ചെടുത്തിരുന്നു, ഫെബ്രുവരിയിൽ ഗുർദാസ്പൂരിൽ വത്തും ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്ന് ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ച് വീഴ്‌ത്തിയിരുന്നു.















