ഗവർണർക്കെതിരെ വിമർശനങ്ങളുമായി സിപിഐ കേന്ദ്രകമ്മറ്റി അംഗം എ.കെ ബാലൻ. എസ്എഫ്ഐയെ ക്രിമിനലുകൾ എന്നാണ് ഗവർണർ പറഞ്ഞത്. ആ ക്രിമിനലുകളാണ് ഇന്ന് കേരളത്തിലെ ഭൂരിപക്ഷം കോളേജുകളിലും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് തെരഞ്ഞെടുപ്പേ ഇല്ലായിരുന്നു. ഗവർണറുടെ സമീപനത്തിന്റെ ഫലമായാണ് പലയിടത്തും എസ്എഫ്ഐ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് മുൻപ് ജസ്റ്റിസ് സദാശിവം ആയിരുന്നു ഗവർണർ. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നു. ഭരണഘടനാപരമായിട്ടുള്ള മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ മാതൃകയായിരുന്നു അദ്ദേഹം. കേരള നിയമസഭ പാസാക്കിയിട്ടുള്ള നിയമം ഭരണഘടന വിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടുപോലും അത് അംഗീകരിച്ചു കൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാനിക്കുന്ന സമീപനമായിരുന്നു അദ്ദേഹം കാണിച്ചത്. ആ പാതയിൽ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ഗവർണറെന്നും എ.കെ ബാലൻ പറഞ്ഞു.
ഭരണഘടനയുടെ 153-ാം വകുപ്പ് പ്രകാരം ഒരു ഗവർണർ വേണം എന്നുള്ളത് സത്യമാണ്. അഞ്ച് വർഷമാണ് കാലാവധി. പിന്നീട് വേണമെങ്കിൽ കേന്ദ്ര സർക്കാരിന് നീട്ടി കൊടുക്കാം. ആ നീട്ടിക്കൊടുത്ത ആനുകൂല്യം പറ്റിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ വെല്ലുവിളികൾ. കാലാവധി കഴിഞ്ഞ ഗവർണർ കെയർ ടേക്കർ ഗവർണറാണ്, സ്റ്റെപ്പിനി ഗവർണറാണ്. ഭരണഘടനാ വിരുദ്ധമായുള്ള ഒരു സമീപനവും സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാം, പിണറായി വിജയനെ മൂലയ്‌ക്കിരുത്താം, ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത് നടക്കില്ല. സർ സിപിയെ ഏത് രൂപത്തിലായിരുന്നു കേരളത്തിൽ നിന്ന് കെട്ടുകെട്ടിച്ചതെന്ന് ഗവർണർ പഠിക്കുന്നത് നല്ലതാണ്. ലോകത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ വേണ്ടി രൂപം കൊണ്ട ഒരവതാരമായിരുന്നു ഹിറ്റ്ലർ. അവസാനം തന്റെ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. സ്റ്റാലിന്റെ ചെമ്പടയുടെ മുൻപിൽ നിക്കാൻ സാധിക്കാതെ ജീവനൊടുക്കുകയാണുണ്ടായത്. അതാണ് ചരിത്രം. അത് ഗവർണർ മനസിലാക്കുന്നത് നല്ലതാണെന്നും എ.കെ ബാലൻ വെല്ലുവിളിച്ചു.















