നാഗ്പൂർ: എല്ലാത്തിലും ഉപരിയാണ് രാഷ്ട്രത്തിന്റെ ഏകതയും സദ്ഭാവവുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ബൗദ്ധിക്കിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.
സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാൻ സമൂഹം ശ്രമിക്കണം. രോജ്യം എല്ലാ മേഖലകളിലും സ്വയം പര്യാപ്തമാകുമ്പോൾ സ്വദേശി ആചരണം എളുപ്പമുളളതാകും. സ്വതന്ത്ര രാജ്യമെന്ന നിലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുന്ന നയം ഉൾക്കൊളളണം. സമൂഹത്തെ സംസ്‌കാര സമ്പന്നമാക്കാനുളളതാണ് സോഷ്യൽ മീഡിയ എന്ന് അത് ഉപയോഗിക്കുന്നവർ മനസിലാക്കണം. പ്രാഥമികതലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തുളള അധ്യാപകരും വിദ്യാർത്ഥികൾക്ക് മുൻപിൽ സാംസ്‌കാരിക മൂല്യങ്ങളുടെ ഉദാഹരണങ്ങളാകണം. അതിനായി അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ പുതിയ സംവിധാനം ഉണ്ടാകണമെന്നും സർസംഘചാലക് പറഞ്ഞു.
കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണെന്ന് സർസംഘചാലക് ചൂണ്ടിക്കാട്ടി. ‘മാതൃവത് പരദാരേഷു’ എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത് ബലാത്സംഗം പോലുളള സംഭവങ്ങൾ ഉണ്ടാകുന്നത് മൂല്യങ്ങൾ നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ്. ദ്രൗപതിയുടെ വസ്ത്രത്തിൽ തൊട്ടപ്പോഴാണ് മഹാഭാരതം സംഭവിച്ചത്. സീതയെ അപഹരിച്ചപ്പോഴാണ് രാമായണം സംഭവിച്ചത്. അങ്ങനെയുളള നാട്ടിലാണ് കൊൽക്കത്തയിലേത് പോലുളള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അസഹിഷ്ണുതയും ദുർഭാവനയും മനുഷ്യവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമാണ്. എത്ര പ്രകോപനമുണ്ടായാലും ക്ഷോഭങ്ങൾ ഒഴിവാക്കി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്ര സ്ഥാനത്തെയോ മഹാപുരുഷരെയോ മനസാ വാചാ കർമ്മണാ അപമാനിക്കരുത്. മറ്റൊരാളിൽ നിന്ന് അങ്ങനെ സംഭവിച്ചാലും നമ്മൾ സ്വയം നിയന്ത്രിക്കണം. നാടിന്റെ നൻമയ്‌ക്കായും മുഴുവൻ സമൂഹത്തിന്റെയും പ്രയോജനത്തിനായും വിവിധ ജാതിയിലും വർഗത്തിലും പെട്ടവർ ഒരുമിച്ച് സ്വന്തം നാട്ടിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. ഓരോരുത്തരുടെയും ആഘോഷവേളകൾ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷമായി മാറണമെന്നും സർസംഘചാലക് പറഞ്ഞു.

യുവതലമുറയിൽ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തിന്റെ അകം പൊളളയാക്കുന്നു. അതുകൊണ്ടു തന്നെ നൻമയിലേക്ക് നയിക്കുന്ന മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വിശ്വമംഗള സാധനയിൽ സംഘം മൗനപൂജാരിയാണ്. നമ്മുടെ പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുളള ശക്തിയും വിജയവും നേടാൻ ഇതേ സാധന എല്ലാവരും ചെയ്യേണ്ടതുണ്ട്.















