പുതിയ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് തനിക്ക് വ്യാജ സന്ദേശങ്ങളും കോളുകളും വരാറുണ്ടെന്ന് നടി മൈഥിലി. നടിമാർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും മൈഥിലി പറഞ്ഞു. മൈഥിലി ആദ്യമായി അഭിനയിച്ച പാലേര്യമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
“സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞ് പലരും എന്നെ വിളിക്കാറുണ്ട്. പക്ഷേ, അതൊക്കെ ഫേക്ക് ആയിരിക്കും. എനിക്ക് അടുത്തിടെ ഒരു ഫോൺ കോൾ വന്നിരുന്നു. ഒരു സിനിമ തുടങ്ങുന്നുണ്ട്. അതിൽ നായികയായി മൈഥിലി എത്തണമെന്ന് അയാൾ പറഞ്ഞു. ഒരു സംവിധായകന്റെ പേരും പറഞ്ഞു. പിന്നീട് ഒരു ഫോട്ടോയും പോസ്റ്ററും എനിക്ക് അയച്ചു. സിനിമയുടെ സ്ക്രിപ്റ്റും അയച്ചിരുന്നു. ഇപ്പോൾ സിനിമയൊന്നും ചെയ്യുന്നില്ലെന്ന് ഞാൻ അയാളോട് പറഞ്ഞു.
എന്നെ ഒരുപാട് തവണ വിളിച്ചു. അവസാനം ഞാൻ ഓകെയെന്ന് പറഞ്ഞു. പക്ഷേ സിനിമയുടെ ശരിക്കുമുള്ള സംവിധായകനെ ഞാൻ വിളിച്ച് ചോദിച്ചപ്പോൾ ഇങ്ങനെയൊരു പടമൊന്നുമില്ലെന്നും അത് ഫേക്കാണെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമാ മേഖലയിലുള്ളവരോട് ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ സാധാരണക്കാരായ പെൺകുട്ടികളോട് എന്തൊക്കെയായിരിക്കും ചെയ്യുക.
ഞാൻ ചെയ്ത സിനിമകളെ ഓർത്ത് ഞാൻ ഒരിക്കലും വിഷമിച്ചിട്ടില്ല. കാരണം അത് കഴിഞ്ഞുപോയി. ഇനി വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. എല്ലാവരും ചെയ്യുന്ന സിനിമകളിൽ നല്ലതും മോശവുമുണ്ട്. മാറ്റ്നി എന്ന ചിത്രം ചെയ്തപ്പോൾ വലിയ വിമർശനങ്ങൾ ഞാൻ നേരിട്ടിരുന്നു. സ്മോക്ക് ചെയ്യുന്ന പോസ്റ്റർ ആരോ ഒരു സ്കൂളിന്റെ മതിലിൽ ഒട്ടിച്ചതാണ് വലിയ പ്രശ്നമായത്. അത് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. ഒരുപാട് മാറ്റിനിർത്തലുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പല അവസരങ്ങളും നഷ്ടമായത്. അവർ ആ പടത്തിൽ വേണ്ട, ഈ പടത്തിൽ വേണ്ടായെന്നൊക്കെ ഒരു വിഭാഗം ആൾക്കാർ പറയും. അവരൊന്ന് വിചാരിച്ചാൽ അതിൽ പിന്നെ ഒരു മാറ്റങ്ങളും ഉണ്ടാകില്ലെന്നും” മൈഥിലി പറഞ്ഞു.