ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സമാധാനവും ബംഗ്ലാദേശ് സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ആരാധനാലയങ്ങൾക്ക് നേരെ ഉയർന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രസ്താവന. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിന്ദ്യമായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
” ബംഗ്ലാദേശിൽ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ബംഗ്ലാദേശ് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. തുടർച്ചയായി നടക്കുന്ന ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നവരാത്രി ആഘോഷങ്ങൾ നടക്കുന്ന വേളയിൽ എല്ലാ ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബംഗ്ലാദേശ് സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പ്രതിഷ്ഠയിൽ അണിഞ്ഞിരുന്ന കിരീടം കവർന്നത്. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ സമർപ്പിച്ച കിരീടമായിരുന്നു ഇത്. മുഖം മറയ്‌ക്കാതെ എത്തിയ മോഷ്ടാവ് കിരീടം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ മോഷ്ടാവിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നതിൽ വ്യക്തതയില്ല.
നവരാത്രി ആഘോഷങ്ങളിലേക്ക് ഇടിച്ചുകയറിയ ആക്രമികൾ പൂജകളും മറ്റും നിർത്തി വയ്‌ക്കാൻ ആവശ്യപ്പെടുന്നതിന്റെയും ഇസ്ലാം മതം സ്വീകരിക്കാൻ ഹിന്ദുക്കളെ നിർബന്ധിക്കുന്നതിന്റെയും വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. പൂജ മണ്ഡപത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇത്തരം ഹീനമായ പ്രവൃത്തികളിൽ നടപടി സ്വീകരിക്കാതെ ബംഗ്ലാദേശ് സർക്കാർ മൗനം പാലിക്കുകയാണെന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാർ വിമർശിച്ചു.















