കൊച്ചി: അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ എത്തിയതായി സംശയം. മോഷണം പോയ മൂന്ന് ഐഫോണുകളിൽ നിന്ന് ഡൽഹിയിലെ ടവറുകളിൽ നിന്നുളള സിഗ്‌നലുകൾ ലഭിച്ചതായിട്ടാണ് പൊലീസ് നൽകുന്ന സൂചന.
മൊബൈലുകൾ മോഷണം നടത്തിയത് ഏത് ഗ്യാങ്ങാണെന്ന് സ്ഥിരീകരിക്കാൻ ആയില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഡൽഹിയിലും ബംഗളൂരുവിലുമായി രണ്ടു സംഘങ്ങളായി തിരിഞ്ഞു പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് നിന്നുളള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഡൽഹിയിലും ബംഗലൂരുവിലും പൊലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തും. ബോൾഗാട്ടിയിലെ സംഗീതനിശയ്‌ക്കിടയിലാണ് മൊബൈലുകൾ മോഷണം പോയത്. തിരക്കിനിടയിൽ നഷ്ടപ്പെട്ടതാണെന്ന് ചിലർ കരുതി. എന്നാൽ പരാതിക്കാരുടെ എണ്ണം കൂടിയതോടെ ആസൂത്രിതമായ മോഷണമാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
നൈജീരിയൻ ഡിജെ സ്റ്റാറായ അലൻ വാക്കറുടെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായ സംഗീത നിശകൾ കൊച്ചിക്ക് പുറമേ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും നടന്നിരുന്നു. ഇവിടെയും സമാനമായ രീതിയിൽ മൊബൈൽ കവർച്ച നടന്നിട്ടുണ്ട്. ഇവിടുത്തെ കവർച്ച സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും. കൊച്ചിയിൽ നിന്നും 26 ഐഫോണുകൾ അടക്കം 39 ഫോണുകളാണ് മോഷണം പോയത്.