മലപ്പുറം: വേങ്ങരയിൽ അയൽവാസികളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും അക്രമികൾ മർദ്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നാണ് വൃദ്ധദമ്പതികളെ മർദ്ദിച്ചത്. ഇവരുടെ ബിസിനസിനായി 23 ലക്ഷം രൂപ വൃദ്ധ ദമ്പതികൾ കടം നൽകിയിരുന്നു. ഇത് തിരികെ ചോദിച്ച് കിട്ടാതായപ്പോൾ ദമ്പതികൾ സമരം ചെയ്തു. ഇതിൽ പ്രകോപിതനായ അബ്ദുൽകലാം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഒന്നര വർഷമായി കടം കൊടുത്ത പണം തിരികെ നൽകിയില്ലെന്ന് അസൈൻ പറയുന്നു. എന്നാൽ പണം നൽകാനില്ലെന്നാണ് അബ്ദുൾ കലാം പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















