ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോൺഗ്രസിന്റെ യഥാർത്ഥ നിറം പുറത്തുവന്നുവെന്ന് ബിജെപി തുറന്നടിച്ചു. ‘ബിജെപി ഭീകരരുടെ പാർട്ടി’യാണെന്ന പരാമർശത്തിനായിരുന്നു ഭാരതീയജനതാ പാർട്ടീ നേതാക്കൾ മറുപടി നൽകിയത്.
ഭീകരരെ യഥാർത്ഥത്തിൽ പിന്തുണയ്‌ക്കുന്നത് ഏത് പാർട്ടിയാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്നും പുക മറ സൃഷ്ടിച്ചൊഴിയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ ഹീനമായ നിയമങ്ങളെ പിന്തുണയ്‌ക്കുന്നവരാണ് കോൺഗ്രസുകാർ. ഇത്തരം നിയമങ്ങൾ ബിജെപി നിർത്തലാക്കിയപ്പോൾ അത് തിരികെ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇതാണ് കോൺഗ്രസിന്റെ പുരോഗമന ചിന്താഗതിയെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. 2014 മുതൽ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും തുടർച്ചയായി അധികാരത്തിലേറ്റിയത് ജനങ്ങളാണ്. പാവപ്പെട്ടവർക്കായാണ് ബിജെപി പ്രവർത്തിരക്കുന്നത്. ഭീകരരുടെ പാർട്ടിയെന്ന് പറഞ്ഞ് അവഹേളിക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവല്ല പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ നക്‌സലുകൾ കയ്യടക്കിയിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പരമാർശത്തിനെതിരായാണ് ഖാർഗെയുടെ വിവാദ പരാമർശം ഉയരുന്നത്. ഭീകരരുടെ പാർട്ടിയാണ് ബിജെപിയെന്നും ദളിതരെ പീഡിപ്പിക്കുന്ന പാർട്ടിയാണെന്നുമായിരുന്നു പരാമർശം. സംഭവം വിവാദമായതോടെ ഖാർഗെയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.