മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുംബൈയിൽ വച്ചാണ് സംഭവം. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ രണ്ട് ബുള്ളറ്റുകൾ തറച്ചിരുന്നു.
ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കസ്റ്റഡിയിലുള്ളവർക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. യുപി, ഹരിയാന സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. സംഭവവുമായി ബന്ധമുള്ള മൂന്നാമത്തെയാൾ ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് അജിത്പവാർ പക്ഷം എൻസിപിയിൽ സിദ്ദിഖ് ചേർന്നത്. എംഎൽഎ സ്ഥാനം രാജിവച്ച് എൻസിപിയിൽ ചേരുകയായിരുന്നു. മഹാരാഷ്‌ട്ര മുൻമന്ത്രിയാണ് അദ്ദേഹം. സിദ്ദിഖിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കൊലപാതകത്തിന്റെ കാരണവും അജ്ഞാതമാണ്. രാഷ്‌ട്രീയ വിരോധമാണോ വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.















