ന്യൂഡൽഹി: കാനഡയ്‌ക്ക് വീണ്ടും താക്കീത് നൽകി ഇന്ത്യ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. അല്ലാത്ത പക്ഷം സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഭാരതം മുന്നറിയിപ്പ് നൽകി.
അടുത്തിടെ നടന്ന ആസിയാൻ ഉച്ചകോടിക്ക് പിന്നാലെയാണ് നിജ്ജാർ കൊലപാതകം വീണ്ടും തലപ്പൊക്കിയത്. ഉച്ചകോടിക്കിടെ ട്രൂഡോ സർക്കാരിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു. അന്വേഷണ ഏജൻസികളെ വഴിത്തിരിച്ച് വിടുകയും രാഷ്‌ട്രീയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സർക്കാർ വൃത്തങ്ങൾ ഒളിയമ്പെയ്തത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളും അന്വേഷണ ഏജൻസിയായ ആർസിഎംപിയുടെയും ആരോപണങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ഇന്ത്യക്ക് മേൽ ആരോപണം ഉന്നയിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
ആസിയാൻ ഉച്ചകോടിക്കിടെ ട്രൂഡോ സംഭവത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയവും സ്ഥലവും ഇതല്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. ഇത് ട്രൂഡോ കനേഡിയൻ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുനന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ട്രൂഡോയുടെ പരാമർശങ്ങളെന്നാണ് ഉയരുന്ന ആരോപണം. ഖലിസ്ഥാനി വോട്ടിനായാണ് ട്രൂഡോ ഇന്ത്യയെ കരുവാക്കുന്നത്.
ജസ്റ്റിൻ ട്രൂഡോ ബോധപൂർവം കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും ഏത് വിധേനയും ഇകഴ്‌ത്തി കാണിക്കാനും ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിലെന്നും സ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. അന്വേഷണ ഏജൻസിയെയും ഇതിന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞടുപ്പിലെ പരാജയഭീതിയാണ് ട്രൂഡോയെ ഇത്തരം വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നാണ് കനേഡിയൻ രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാനികൾക്കെതിരെ നടപടിയെടുക്കുക മാത്രമാണ് പോംവഴിയെന്നും അവർ വ്യക്തമാക്കുന്നു.















