ചെന്നൈ: മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ സിഎംആർഎല്ലിന്റെയും കെസിഡിസിയുടെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും പല തവണയായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിൽ നിന്നും ഇ-മെയിൽ മുഖാന്തരവും വിവരങ്ങൾ ശേഖരിച്ചിരുന്നു.
സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം. മാസപ്പടിയായി എക്സാലോജിക് കമ്പനി ഒരു കോടി 72 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. എക്സാലോജിക് കമ്പനി വലിയ തുകയുടെ ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
പണമിടപാട് അന്വേഷിക്കാൻ ജനുവരി 31-നാണ് എസ്എഫ്ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്എഫ്ഐഒയും അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്-സി എം ആർ എൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി ആർഒസി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നായിരുന്നുവെന്നാണ് കണ്ടെത്തൽ. തുടർന്നാണ് അന്വേഷണം എസ്എഫ്ഐഒക്ക് കൈമാറിയത്.















