ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സെഞ്ചുറി മലയാളി താരം സഞ്ജു സാംസണിന്റെ യഥാർത്ഥ ടാലന്റാണ് പുറത്തുകൊണ്ടുവന്നത്. വേണ്ടത്ര അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത താരമെന്ന വിമർശനം സഞ്ജുവിന്റെ മേൽ ശക്തമാകുന്നതിനിടെയാണ് വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് താരം ഇന്നലെ മറുപടി നൽകിയത്.
താൻ ഒരുപാട് പരാജയപ്പെട്ട വ്യക്തിയാണെന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. പക്ഷെ എങ്ങനെ സമ്മർദ്ദത്തെ അതിജീവിക്കാമെന്നും തോൽവികളെ മറികടക്കാമെന്നും ഇത്രയേറെ മത്സരങ്ങൾ കളിച്ചതുകൊണ്ട് തനിക്ക് മനസിലായിരുന്നു. ചെയ്യാനുളള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിയുകയുമാണ് വേണ്ടതെന്ന് സഞ്ജു പറയുന്നു.
തന്റെ മികച്ച പ്രകടനത്തിൽ സഹതാരങ്ങളാണ് സന്തോഷിക്കുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും ടീമിന്റെ പിന്തുണയുണ്ടെന്ന് അവർ പറഞ്ഞിരുന്നു. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും അങ്ങനെയായിരുന്നു. ഇതിലും നന്നായി തനിക്ക് കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എപ്പോഴും ഉണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ടീമിന്റെ നേതൃത്വത്തിൽ നിന്നും പൂർണ പിന്തുണ ലഭിച്ചിരുന്നു.
രാജ്യത്തിന് വേണ്ടി കളിക്കുന്നുവെന്ന സമ്മർദ്ദത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനും പ്രകടിപ്പിക്കാനും നോക്കണം. ഈ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് താൻ എപ്പോഴും കളിക്കുന്നതെന്നും ഓരോ പന്തും അങ്ങനെയാണ് കാണുന്നതെന്നും സഞ്ജു പറഞ്ഞു.
47 പന്തിൽ നിന്നാണ് സഞ്ജു 111 റൺസ് നേടിയത്. 11 ഫോറുകളും എട്ട് സിക്‌സറുകളുമായി കളം നിറഞ്ഞാടുകയായിരുന്നു സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പരമ്പരയിലുടനീളം മുഴുനീള ഓപ്പണറുടെ വേഷത്തിൽ സഞ്ജു ഇറങ്ങിയത്. എന്നാൽ ആദ്യ മത്സരത്തിൽ 29 റൺസും രണ്ടാമത്തേതിൽ 10 റൺസും മാത്രമായിരുന്നു നേടിയത്. അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനം ടീമിൽ സഞ്ജുവിന്റെ സ്ഥാനം സ്ഥിരപ്പെടുത്തുമോയെന്നാണ് ആരാധകർ ഇനിയും ഉറ്റുനോക്കുന്നത്.
ഇന്ത്യൻ താരം ട്വന്റി -20 യിൽ കുറിക്കുന്ന രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 40 പന്തുകളിൽ നിന്നാണ് സഞ്ജു സെഞ്ചുറി നേടിയത്.