കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഡിഫ്തീരിയ ബാധിച്ച് 100-ലധികം കുട്ടികൾ മരിച്ചതായിറിപ്പോർട്ട്. ഡിഫ്തീരിയ പ്രതിരോധ വാക്സിനായ ‘ഡിഫ്തീരിയ ആൻ്റി ടോക്സിൻ’ (DAT) ലഭ്യമല്ലാത്തതാണ് ഇത്രയധികം കുട്ടികൾ മരിക്കാനിടയാക്കിയത്. കഴിഞ്ഞ വർഷം സിന്ധ് പ്രവിശ്യയിലെ സാംക്രമിക രോഗ ആശുപത്രിയിൽ 140 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 52 പേരും രോഗം മൂലം മരണമടഞ്ഞുവെന്നാണ് സിന്ധ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.
ഡിഫ്തീരിയ പ്രതിരോധിക്കാനുളള ആന്റി ടോക്സിൻ മരുന്ന് കറാച്ചി ഉൾപ്പെടെ സിന്ധിലുടനീളമുള്ള ആശുപത്രികളിൽ ലഭ്യമല്ലെന്ന് വിദഗ്ധർ പറയുന്നു. ഇവിടെ ഒരു കുട്ടിയുടെ ചികിത്സയ്‌ക്ക് മാത്രമാണ് ആൻ്റിടോക്സിൻ ഉപയോഗിച്ചത്. പാകിസ്താൻ രൂപ (പികെആർ) 0.25 മില്യൺ ആണ് വാക്സിന്റെ വില. പാകിസ്താനിലെ ആരോഗ്യ വിദഗ്ധർ വാക്സിൻ കവറേജിനും ഇടപെടലിനുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇതൊന്നും ചെവിക്കൊണ്ടില്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഡിഫ്തീരിയ പ്രതിരോധ വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക്, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ 30 ശതമാനം കേസുകളും മാരകമായേക്കാം. രോഗം ബാധിച്ച ചെറിയ കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. ഡിഫ്തീരിയ വാക്സിനിലൂടെ തടയാവുന്ന രോഗമാണെങ്കിലും പ്രതിരോധശേഷി ഉൽപ്പാദിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഒന്നിലധികം ഡോസുകളും ബൂസ്റ്റർ ഡോസുകളും ആവശ്യമാണ്.