തിരുവനന്തപുരം: കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികൾക്കാണ് അദ്ദേഹം ആദ്യാക്ഷരം കുറിച്ച് നൽകിയത്. കുട്ടികൾ മികച്ച പഠനാന്തരീക്ഷത്തിൽ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിരുന്നു.
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
” വളർന്നു വരുന്ന തലമുറകൾക്കായി മെച്ചപ്പെട്ട പഠന സൗകര്യവും പഠനാന്തരീക്ഷവും ഒരുക്കേണ്ടതുണ്ട്. ഈ വിദ്യാരംഭം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ. എല്ലാവർക്കും വിജയദശമി ആശംസകൾ.”- പിണറായി വിജയൻ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ വീട്ടിലും വിദ്യാരംഭം നടന്നിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മന്ത്രി കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകിയത്.















