കോഴിക്കോട്: കോഴിക്കോട് കോഫീ ഹൗസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.
കോഴിക്കോട് ബീച്ചിനടുത്തുള്ള കോഫീ ഹൗസിൽ ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവർ ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫീ ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയിൽ ഉണ്ടായിരുന്ന പുഴു ആയിരിക്കാം സാമ്പാറിൽ കണ്ടതെന്ന മറുപടിയാണ് ലഭിച്ചതെന്ന് യുവാക്കൾ പറഞ്ഞു.
സംഭവത്തിൽ ഇരുവരും ഇതുവരെ പരാതി നൽകിയിട്ടില്ല. കുടുംബവുമായി ആലോചിച്ച ശേഷം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്ന് യുവാക്കൾ പറഞ്ഞു. കോർപറേഷൻ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.















