ന്യൂഡൽഹി: തന്നെ തീവ്രവാദിയെന്ന് വിളിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മാനസിക ചികിത്സ നൽകണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹുബ്ബള്ളി കലാപകാരികളുടെ കേസുകൾ പിൻവലിക്കാനുളള മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി നേതാവ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ പ്രൾഹാദ് ജോഷിയെ തീവ്രാവാദിയെന്ന് വിശേഷിപ്പിച്ചത്.
വിവേകമില്ലാത്ത വിലകുറഞ്ഞ തലത്തിലുള്ള പ്രതികരണമാണ് സിദ്ധരാമയ്യയുടേതെന്ന് പ്രൾഹാദ് ജോഷി ആരോപിച്ചു. കർണാടക മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന് ചികിത്സ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
“സിദ്ധരാമയ്യ വിഷമത്തിലായിരിക്കുന്നുവെന്നാണ് ഇതിൽ നിന്നും മാനസിലാക്കേണ്ടത്. ഒരാൾ ഇത്രയും അധഃപതിക്കരുത്. രാഷ്‌ട്രീയത്തിൽ അധികാരം വരും പോകും. എന്നാൽ അദ്ദേഹം ഓരോദിവസവും അധികാരം നഷ്ടമാകുമോ എന്ന് ഭയപ്പെടുന്നു. അത്രയും വലിയ പ്രഹരമാണ് ഹൈക്കോടതി കർണാടക സർക്കാരിന് നൽകിയത്,” പ്രൾഹാദ് ജോഷി പറഞ്ഞു.
2022 ഏപ്രിൽ 16 ന് ഹുബ്ബള്ളി ടൗണിൽ വെച്ച് കലാപകാരികൾ പൊലീസുകാരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട കേസുകളാണ് കർണാടക സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തെ പ്രീണന നടപടിയെന്നാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ആരോപിച്ചത്.















