തിരുവനന്തപുരം: ഹൈന്ദവർക്കെതിരെയും അയ്യപ്പഭക്തർക്കെതിരെയുമുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല തീർത്ഥാടനം തകർക്കാൻ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്നും മുരളീധരൻ പറഞ്ഞു. ശബരിമല വിഷയത്തെ കുറിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണോ വെർച്വൽ ബുക്കിംഗ് വേണോ എന്നതിലേക്ക് ചർച്ചകളെ വഴിതിരിച്ചുവിടുകയാണ് സർക്കാർ. ശബരിമല ഒരുക്കങ്ങളിലെ പാളിച്ച മറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ തീർത്ഥാടനം എങ്ങനെ അട്ടിമറിക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്.
അയ്യപ്പഭക്തരുടെ സ്വാതന്ത്ര്യമാണ് ദർശനം. ഭക്തർക്ക് ദർശന സൗകര്യം ഒരുക്കക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മനഃപൂർവ്വവുമാണ് സ്പോട്ട് ബുക്കിംഗ് വിഷയം സർക്കാർ വലിച്ചിടുന്നത്. തിരക്ക് നിയന്ത്രിക്കുക എന്നതിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷാ വീഴ്ചയുൾപ്പെടെയുള്ള സർക്കാരിന്റെ മറ്റ് വിഷയങ്ങൾ എല്ലാവരും മറക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ പെരുമാറുന്നത്.
കഴിഞ്ഞ വർഷം നിരവധി ഭക്തരാണ് ദർശനം ലഭിക്കാതെ തിരിച്ചുപോയത്. പമ്പാസ്നാനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളും അവതാളത്തിലാണ്. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ഭക്തർക്ക് ആവശ്യമായ ഒരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഒരു മാസം മാത്രമാണ് ഇനിയുള്ളത്. ഈ സമയം അടിയന്തരമായി അതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും വി മുരളീധരൻ പറഞ്ഞു.