തൃശൂർ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 45 വർഷമായി യോഗ ചെയ്യുന്നയാളാണ് താനെന്നും ഊർജസ്വലതയ്‌ക്കും ചിന്താശക്തിക്കും യോഗ പരിശീലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ അഭ്യസിക്കുന്നത് കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യം ഒരു ആർഎസ്എസുകാരനായിരുന്നു എന്നുള്ള കാര്യം ഇപ്പോൾ മനസിലാക്കുന്നുവെന്നും സംഘചര്യകളിലൂടെ വളർന്നുവന്നതിനാലാണ് നരേന്ദ്രമോദിക്ക് പല കാര്യങ്ങളും അനായാസമായി ചെയ്യാൻ കഴിയുന്നതെന്നും ഔസേപ്പച്ചൻ ചൂണ്ടിക്കാട്ടി.
“45 വർഷമായി യോഗ ചെയ്യുന്നയാളാണ് ഞാൻ. യോഗാ ദിനം പോലെ പ്രത്യേകതയുള്ള ദിവസങ്ങളിലെ പത്രം വായിക്കുമ്പോൾ കാണാറുണ്ട്.. ഒരു മുതിർന്ന പൗരൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയും തിരക്കേറിയ ജീവിതത്തിനിടെ, നരേന്ദ്രമോദിയെ പോലെ പ്രായമായ ഒരാൾക്ക് യോഗ അഭ്യസിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്. ഈ പ്രായത്തിലും, വലിയ ചുമതലകൾക്കിടയിലും എങ്ങനെ ഇതിനെല്ലാം സമയം കാണുന്നുവെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ട്. ഇപ്പോൾ മനസിലായി. അദ്ദേഹത്തിന് എങ്ങനെ ഇതെല്ലാം സാധിക്കാതിരിക്കും. ആദ്യം ആർഎസ്എസുകാരൻ ആയിരുന്നില്ലേ അദ്ദേഹം. നിങ്ങളിൽ ഒരുവാനായിരുന്നില്ലേ.. ചെറുപ്പം മുതൽ അദ്ദേഹം ശീലിച്ച കാര്യങ്ങളായതുകൊണ്ടാണ് ഈ പ്രായത്തിലും അനായാസമായി ചെയ്യാൻ കഴിയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തിന് ഏതുപാതിരാത്രിക്കും ഊർജസ്വലനായി നടക്കാനും യോഗ ചെയ്യാനും കഴിയുന്നത്. ധൈര്യത്തിനും ഉണർവിനും ചിന്താശക്തിക്കും യോഗ വളരെ ആവശ്യമാണ്. അതുകൊണ്ട് നിങ്ങളുടെ ഈ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.
രാഷ്‌ട്രീയമല്ല ഈ സംസാരിക്കുന്നത്. രാഷ്‌ട്രീയം എന്ന വാക്ക് നല്ലതാണ്, പക്ഷെ കേരളത്തിൽ രാഷ്‌ട്രീയം എന്ന് പറയുമ്പോൾ അർത്ഥം അൽപം വേറെയാണ്..- ഔസേപ്പച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനായിരുന്നു.















