ചെന്നൈ: തങ്ങളുടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്തമായ പാത പിന്തുടർന്നിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി. പ്രതിഫലത്തിനുപകരം കാറുകളും ബൈക്കുകളുമാണ് കമ്പനി ഇത്തവണ ജീവനക്കാർക്ക് നൽകിയത്.
സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിംഗ് കമ്പനിയായ ടീം ഡീറ്റെയ്‌ലിംഗ് സൊല്യൂഷൻസാണ് തങ്ങളുടെ ജീവനക്കാർക്ക് 28 കാറുകളും 29 ബൈക്കുകളും സമ്മാനമായി നൽകിയത്. ഹ്യുണ്ടായ് , ടാറ്റ, മാരുതി സുസുക്കി , മെഴ്‌സിഡസ് ബെൻസ് തുടങ്ങി വിവിധതരം ബ്രാൻഡ് കാറുകളാണ് ജീവനക്കാർക്ക് ലഭിച്ചത്. അവരുടെ കഠിനാദ്ധ്വാനത്തിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണിതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
“കമ്പനിയുടെ വിജയത്തിലേക്ക് നയിക്കുന്ന ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,”മാനേജിംഗ് ഡയറക്ടർ ശ്രീധർ കണ്ണൻ പറഞ്ഞു.
കാറുകൾ സമ്മാനിക്കുന്നതിനൊപ്പം, വിവാഹ സഹായമായി ജീവനക്കാർക്ക് ഫണ്ടും നൽകുമെന്ന് കമ്പനി അറിയിച്ചു. മുൻപ് 50,000 രൂപയാണ് നൽകിയിരുന്നത്. ഇനിമുതൽ വിവാഹിതരാകുന്നവർക്കുള്ള ധനസഹായം ഒരു ലക്ഷമാക്കി ഉയർത്തി. ഇതിലൂടെ ജീവനക്കാരുടെ മനോവീര്യവും പ്രചോദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ മാനേജിംഗ് ഡയറ്കടർ പറഞ്ഞു.