അബുദാബി; ജനം ടി.വി അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത് നിരവധി കുരുന്നുകൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ കുട്ടികളാണ് ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത്.
ജനം ടി.വിയും സമർപ്പണം അബുദാബിയും സംയുക്തമായാണ് വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയത്. മുൻ ഡിഫൻസ് സെക്രട്ടറി മോഹൻ കുമാർ ഐഎഎസ്, ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാനും സിനിമ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ, ചലച്ചിത്രതാരം മേനക സുരേഷ്, ഭവൻസ് മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, കല്ലമ്പള്ളി ശ്രീ നാരായണൻ നമ്പൂതിരി, പ്രസന്നകുമാരി ടീച്ചർ എന്നിവർ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ആചാര്യസ്ഥാനം അലങ്കരിച്ചു.

ബി.എ.പി.എസ് ആത്മീയാചാര്യൻ സ്വാമി ബ്രഹ്‌മവിഹാരി ദാസ്, ജനം പ്രഭാരി എ ജയകുമാർ, ജനം ടി.വിയുടെ ഡയറക്ടർമാർ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ 5 മണിയോടെ തന്നെ മാതാപിതാക്കൾ വിദ്യാരംഭ ചടങ്ങിനായി കുട്ടികളുമായി എത്തിയിരുന്നു. വിദേശത്ത് ഇങ്ങനൊരു കാര്യം ചെയ്യുക എന്നത് ഭാഗ്യമായി കരുതുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

ജോലിയുടെ തിരക്കും മറ്റുമായി നാട്ടിലെത്താൻ കഴിയാതെ വിദ്യാരംഭം നഷ്ടമാകുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു ജനംടിവി മുൻകൈയ്യെടുത്ത് നടത്തിയ പരിപാടി.

നവരാത്രിവ്രതം ഉൾപ്പെടെ എടുത്താണ് പലരും കുട്ടികളുമായി ഹരിശ്രീ കുറിക്കാൻ എത്തിയത്. നവരാത്രിയുടെ ഭാഗമായി ജനം ടി.വി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. ശനിയാഴ്ച മഹാനവമി പൂജയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായിരുന്നു.













