സിനിമാ നടനും ടെലിവിഷൻ താരവുമായി സാബുമോൻ ഇനി സംവിധായകൻ. പുതിയ സിനിമയെ കുറിച്ച് സാബുമോൻ തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ അറിയിച്ചത്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.
സ്പൈർ പ്രൊഡക്ഷൻസിന്റെ ആറാമത്തെ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സാബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രയാഗ മാർട്ടിൻ, സഞ്ജു ഉണ്ണിത്താൻ എന്നിവരോടൊപ്പമുള്ള ചിത്രവും സാബു പങ്കുവച്ചിട്ടുണ്ട്
അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്ത് നായകനായ വേട്ടയനിൽ സാബുമോൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. വില്ലൻ വേഷത്തിലെത്തുന്ന സാബുമോന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുകയാണ്. ഇതിനിടെയാണ് സാബുമോൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
കൊച്ചിയിലെ ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ പ്രയാഗ മാർട്ടിൻ ഉൾപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം വിളിപ്പിച്ചപ്പോൾ സാബുമോനൊപ്പമാണ് പ്രയാഗ എത്തിയത്. ഇത് ഏറെ ചർച്ചയായിരുന്നു.















