സോൾ: ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ പതിച്ചുവെന്നും ആരോപിച്ചാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ ഡ്രോണുകൾ അതിർത്തി ലംഘിച്ച് രാജ്യത്തേക്കെത്തിയാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.
അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന ദക്ഷിണ കൊറിയയുടെ മുഴുവൻ സൈനിക യൂണിറ്റുകളേയും ആക്രമിക്കാൻ പൂർണതോതിൽ സജ്ജമായിരിക്കണണെന്ന് ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ദക്ഷിണ കൊറിയക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ തങ്ങളുടെ പ്രദേശത്ത് ഇനി കണ്ടെത്തുകയാണെങ്കിൽ അത് വലിയൊരു ദുരന്തത്തിൽ കലാശിക്കുമെന്നാണ് കിം യോ ജോങ് പറഞ്ഞത്.
അതേസമയം തങ്ങളുടെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്താനാണ് ശ്രമമെങ്കിൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും തിരിച്ച് പ്രതികരിച്ചു. ” നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഉത്തരകൊറിയ ഭീഷണിയായി മാറിയാൽ അത് ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകുകയാണ്. കിം യോ ജോങ്ങിന്റെ പരാമർശങ്ങൾ ഉത്തരകൊറിയയുടെ കപടമുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം അവർ ദക്ഷിണ കൊറിയക്കെതിരെ തുടർച്ചയായ പ്രകോപനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചവറുകൾ നിറച്ച ബലൂണുകൾ ഇവിടേക്ക് പറത്തിവിടുന്നത് പോലെയുള്ള തരംതാണ രീതികളാണ് അവർ ചെയ്യുന്നതെന്നും” പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ദക്ഷിണ കൊറിയയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയും കിം യോ ജോങ് മറുപടിയുമായി രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് അവർ വിമർശനം ഉന്നയിച്ചത്. ദക്ഷിണകൊറിയയുടേയും അമേരിക്കയുടേയും സംയുക്ത സൈനിക സംഘം മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ അതിവേഗം ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഉത്തരകൊറിയയുടെ ഭീഷണികൾ ഒരു രീതിയിലും തങ്ങളെ ബാധിക്കില്ലെന്നും, അമേരിക്കയുമായുള്ള സഖ്യം രാജ്യത്തിന്റെ സൈനിക ശക്തിയെ ഇരട്ടിയാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് ഹാൻ സിയ പറയുന്നു. അതേസമയം ഡ്രോണുകൾ കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് ചവറുകൾ നിറച്ച ബലൂണുകൾ വീണ്ടും പറത്തിയതായി ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്.