തായ്‌പേയ്: തായ്‌വാന്റെ ദേശീയ ദിനത്തിൽ പ്രസിഡന്റ് ലായ് ചിങ് ടെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ തായ്‌വാന് ചുറ്റും സൈനികാഭ്യാസ പ്രകടനവുമായി ചൈന. വിഘടനവാദികൾക്കുള്ള താക്കീതാണെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. തായ്‌വാൻ ദേശീയ ദിനത്തിൽ ലായ് ചിങ് ടെ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ലായ് ചെങ് തായ്‌വാനിലെ ജനങ്ങളിലേക്ക് ആപത്ത് വിളിച്ചുവരുത്തുകയാണെന്നാണ് പ്രസംഗത്തിന് പിന്നാലെ ചൈന ആരോപിച്ചത്.
മേഖലയാകെ വിമാനങ്ങളും കപ്പലുകളും വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇത്തരത്തിൽ സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. തായ്‌വാന്റെ പരമാധികാരം സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് ചിങ് ടെ പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിത്. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് അങ്ങേയറ്റം പ്രകോപനപരമായ നീക്കമാണെന്ന് തായ്‌വാൻ അപലപിച്ചു. ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇവർ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ഐക്യവും നിലനിർത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും തങ്ങളുടെ കടമയാണെന്നാണ് അഭ്യാസ പ്രകടനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈന പറയുന്നത്. തായ്‌വാന്റെ ചുറ്റും നാല് ദിക്കുകളിലുമായി സൈനികാഭ്യാസപ്രകടനങ്ങൾ നടക്കുന്നുണ്ടെന്ന് ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു. കടൽ മാർഗമുള്ള പരിശോധന ശക്തമാക്കുമെന്നാണ് ചൈനീസ് കോസ്റ്റ് ഗാർഡ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശത്രുവിൽ നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ രാജ്യം പൂർണ തോതിൽ സജ്ജമാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.















