കാൻസർ എന്ന മഹാമാരിയെ തന്റെ മനക്കരുത്ത് കൊണ്ട് പോരാടി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാൻ. വേദനകളിൽ നീറിപ്പുകയുമ്പോഴും പുറമേയ്‌ക്ക്, ചെറുപുഞ്ചിരി വിടർത്താൻ താരം ശ്രമിക്കാറുണ്ട്. തനിക്ക് പ്രചോദനം നൽകുന്ന നിരവധി കാര്യങ്ങൾ ഹിന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരത്തിൽ തന്റെ പുതിയ പ്രചോദനം എന്താണെന്ന് പങ്കുവച്ചിരിക്കുകയാണ് ഹിന ഖാൻ.
കണ്ണിൽ അവശേഷിക്കുന്ന ഒരു കൺപീലിയുടെ ചിത്രമാണ് ഹിന ആരാധകരുമായി പങ്കുവച്ചത്. ‘ എന്റെ പുതിയ പ്രചോദനം എന്താണെന്ന് അറിയേണ്ട? ഇതാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം കൺപീലിയുടെ ചിത്രം പങ്കുവച്ചത്. ഈ കൺപീലിയെ താൻ യോദ്ധാവായി വിശേഷിപ്പിക്കുന്നുവെന്നും താരം പറയുന്നു.
കാൻസറിനോട് പൊരുതി, ബാക്കി എല്ലാ കൺപീലികളും അംഗത്തട്ടിൽ തോറ്റുവീണു. എന്നാൽ അവശേഷിക്കുന്ന ഒരു കൺപീലി മാത്രം ഒറ്റയ്‌ക്ക് ധൈര്യത്തോടെ പോരാടുന്നു. പരാജയപ്പെട്ട് മടങ്ങാൻ തയ്യാറല്ലെന്ന ചിന്തയോടെ, പ്രതീക്ഷയുടെ ചെറു കണിക തേടി ഈ കൺപീലി മാത്രം ഒറ്റയ്‌ക്ക് പോരാടുകയാണെന്നും ഹിന കുറിച്ചു. ഇത് നമുക്കെല്ലാവർക്കും പ്രചോദനമാകണം. പ്രതിസന്ധികൾ കാണുമ്പോൾ ഭയപ്പെട്ട് പിന്മാറുന്നതിന് മുമ്പ് ഈ കൺപീലിയെ ഓർക്കണമെന്നും താരം പറയുന്നു.
സ്‌റ്റേജ് 3 സ്തനാർബുദമാണ് ഹിന ഖാന് റിപ്പോർട്ട് ചെയ്തത്. കീമോ ചെയ്യുന്നതിനെ തുടർന്ന് മുടികൾ നഷ്ടപ്പെട്ടെങ്കിലും തന്റെ സ്വന്തം മുടി ഉപയോഗിച്ചുള്ള വിഗ് താരം തയ്യാറാക്കിയിരുന്നു. വേദനകൾ ഉള്ളിൽ ഒതുക്കി പൊതുവേദികളിൽ പങ്കെടുക്കാനും താരം ശ്രമിക്കാറുണ്ട്. കഴിഞ്ഞ മാസം മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിലും ഗണേശ് ചതുർത്ഥി പരിപാടികളിലും താരം പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
Leave a Comment