മുംബൈ : മഹാരാഷ്‌ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ധര്‍മരാജ് കശ്യപിന്റെ പ്രായം തെളിയിക്കാൻ വേണ്ടി ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ് നടത്തി. കോടതിയില്‍ ഹാജരാക്കിയപ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു ഇയാൾ പറഞ്ഞു. അതിനാൽ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ധര്‍മരാജ് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് കോടതി നിർദേശപ്രകാരം ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടതിയത്. അസ്ഥി സംയോജനത്തിന്റെ അളവ് പരിശോധിച്ച് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന മെഡിക്കല്‍ രീതിയാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്.
കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് 17 വയസ്സുമാത്രമേയുള്ളൂ എന്നായിരുന്നു ധര്‍മരാജിന്റെ വാദം. എന്നാല്‍ പോലീസ് ഇയാളുടെ ആധാര്‍ കാര്‍ഡ് കണ്ടെടുത്തു. അതിൻ പ്രകാരം ധര്‍മരാജ് 2003-ലാണ് ജനിച്ചതെന്നും 21 വയസ്സായി എന്നും പോലീസ് മനസ്സിലാക്കി. ആധാര്‍ കാര്‍ഡിലെ ഫോട്ടോ ധര്‍മരാജ് കശ്യപിന്റേത് തന്നെ ആയിരുന്നുവെങ്കിലും അതിലെ പേര് മവേര് ആയിരുന്നു. ഇയാളുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രായം തെളിയിക്കാൻ ബോൺ ഓസിഫിക്കേഷൻ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്.
എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവും ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രിയാണ് ബാന്ദ്രയിൽ വെടിയേറ്റ് മരിച്ചത്. ബാബാ സിദ്ദിഖ് വധക്കേസിൽ ഇതേവരെ ധർമ്മ രാജ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.















