എറണാകുളം: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് നടൻ ബാല. പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകുന്നതിനിടെയാണ് ബാല മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ വാക്ക് നൽകിയിരുന്നു. മുൻ ഭാര്യയും മകളുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും മൂന്നാഴ്ചയായി നടത്തിയില്ല. പിന്നീട് എന്തിനാണ് കേസ് വന്നതെന്ന് തനിക്കറിയില്ല. ഇപ്പോൾ കളിക്കുന്നത് ആരാണെന്നും ബാല പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് നടനെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമ പ്രകാരം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന ഗായിക അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പൊലീസുമായി സഹകരിക്കുന്ന ആളാണ് ബാലയെന്നും അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. നോട്ടിസ് കൊടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കില് ബാല പോകുമായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക മാദ്ധ്യമങ്ങളോട് പറഞ്ഞു.