ഹൈദരാബാദ്: ഹൈദരാബാദിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ കിഷൻ റെഡ്ഡി. അക്രമികൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്ന് കിഷൻ റെഡ്ഡി ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ നേരിട്ടെത്തിയ കേന്ദ്രമന്ത്രി അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കിഷൻ റെഡ്ഡി പറഞ്ഞു. ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർച്ചായി ഉണ്ടാകുന്നുണ്ട്. വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്രഹം തകർത്ത സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിന് സമീപം വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
പുലർച്ചെ നാല് മണിക്കാണ് സംഭവമുണ്ടായത്. ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് വിഗ്രഹം തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ ക്ഷേത്ര പരിസരത്ത് വലിയ പ്രതിഷേധവും ഉടലെടുത്തു.
ബിജെപി നേതാക്കളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ ബിജെപി വനിതാ നേതാവ് മാധവി ലതയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.