ഫ്ലോറിഡ: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ അന്യഗ്രഹജീവികളുടെയും ജീവന്റെയും സാന്നിധ്യം കണ്ടെത്താൻ നാസ. ദൗത്യത്തിനായി വ്യാഴാഴ്ച കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴത്തിലേക്ക് പേടകം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഇന്ന് രാവിലെ എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ദൗത്യത്തെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പങ്കുവച്ചത്.
ഭൂമിയിൽനിന്നും ഏകദേശം 1.8 ബില്യൺ മൈൽ യാത്രയാണ് യൂറോപ്പയിലെത്താൻ വേണ്ടത്. ദൗത്യത്തിനായി നാസ വികസിപ്പിച്ചെടുത്ത യൂറോപ്പ ക്ലിപ്പർ എന്ന ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ദൗത്യം മുൻകൂട്ടി നിശ്ചയിച്ചിരുന്നതായിരുന്നെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റ് കാരണം വിക്ഷേപണ തീയതി വൈകുകയായിരുന്നു.
പേടകം 2030 ഏപ്രിലിലാണ് വ്യാഴത്തിലെത്തുക. വ്യാഴത്തെ വലം വെയ്‌ക്കുന്നതോടൊപ്പം യൂറോപ്പയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ 48 തവണ സഞ്ചരിക്കുകയും ചെയ്യും. ഈ പറക്കലിനിടെ പേടകത്തിലുള്ള 9 ഉപകരണങ്ങൾ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ അന്തരീക്ഷം,തണുത്ത പുറംപാളി, അതിനടിയിലുള്ള സമുദ്രത്തിന്റെ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
യൂറോപ്പയുടെ തണുത്തുറഞ്ഞ പുറംപാളിക്കടിയിൽ വലിയ ലവണജല സമുദ്രമുണ്ടെന്നാണ് മുൻപ് ലഭ്യമായ ഡാറ്റകളിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഉപഗ്രഹത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാൻ സഹായകമായ ഘടകമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.