ന്യൂഡൽഹി: ഇന്ത്യക്കെതിരെ കാനഡ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് ഇന്ത്യ. കനേഡിയൻ പ്രതിനിധിയായ സ്റ്റുവർട്ട് വീലറെയാണ് വിദേശകാര്യ മന്ത്രാലയം വരുത്തിച്ചത്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയ്‌ക്ക് നിജ്ജർ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള പ്രസ്താവന ഒട്ടാവ നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറായ കാമറൂൺ മക്കേയ് നിലവിൽ രാജ്യത്തില്ലാത്ത പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചത്.
നിജ്ജർ വധത്തിൽ ചില താത്പര്യങ്ങളുള്ള വ്യക്തികളാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ചില ഇന്ത്യൻ നയതന്ത്രജ്ഞരെന്ന് കാനഡ പ്രസ്താവിച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച കാനഡയ്‌ക്ക് അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നൽകിയത്. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച് നിജ്ജർ വധക്കേസ് അന്വേഷണത്തിൽ ഉൾപ്പെടുത്താനാണ് കനേഡിയൻ സർക്കാരിന്റെ ശ്രമമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. മതതീവ്രവാദികൾക്ക് മുന്നിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കീഴടങ്ങിയെന്നും ഇന്ത്യ വിമർശിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയൻ ഹൈക്കമ്മീഷണറെ ഭാരതസർക്കാർ വിളിപ്പിച്ചിരിക്കുന്നത്.















