ഡേറ്റിംഗ് സംസ്കാരം ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വേരൂന്നിയിട്ട് അധികകാലമായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയിലെ ഡേറ്റിംഗ് അനുഭവങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാരിയായ ബ്രീ സ്റ്റീലി. 2023 ൽ ഇന്ത്യ ചുറ്റി സഞ്ചരിക്കാനെത്തിയ അവർ ഒരു പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറാണ്. ഇന്ത്യയിലെ ഡേറ്റിംഗ് രീതികളും ഓസ്‌ട്രേലിയയിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ടായ അനുഭവങ്ങളുമാണ് ബ്രീ സ്റ്റീലി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
ഡേറ്റിംഗിന്റെ കാര്യത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ വലിയവ്യത്യാസമുണ്ടെന്ന് അവർ പറയുന്നു. “ഓസ്‌ട്രേലിയയിൽ പുരുഷന്മാർ സ്ത്രീകളെ പരിഹസിച്ചാണ് സന്തോഷം കണ്ടെത്തുന്നത്. അത് തീർത്തും നീചമാണ്. എന്നാൽ ഇന്ത്യയിൽ എല്ലാവരും വളരെ നല്ലവരാണ്. ഡേറ്റിംഗ് ആണെങ്കിലും ഇവിടെ കാര്യങ്ങൾ വളരെ പെട്ടന്നാണ് നടക്കുന്നത്,” ബ്രീ സ്റ്റീലി പറഞ്ഞു.
മുംബൈയിൽ താൻ പങ്കെടുത്ത ഒരു ഡേറ്റിംഗ് പരിപാടിയിലെ അനുഭവം അവർ വെളിപ്പെടുത്തി. ആദ്യത്തെ കുറച്ച് മണിക്കൂറുകൾ സ്ത്രീകൾ പരസ്പരം സംസാരിച്ചു. യുവാക്കളും അവർ പരസ്പരമാണ് സംസാരിച്ചത്. ഏറെനേരത്തിന് ശേഷമാണ് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സംഭാഷണമായി അത് മാറിയത്. ഇന്ത്യയിലെ ഡേറ്റിംഗ് സംസ്കാരത്തിൽ ബോളിവുഡ് സിനിമകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നും അവർ നിരീക്ഷിച്ചു. ഇന്ത്യയിലെ യുവാക്കൾ പൊതുവെ നിഷ്കളങ്കരാണെന്നും അവർ സ്ത്രീകളെ പരമാവധി സന്തോഷവതികളാക്കാൻ ശ്രമിക്കുന്നുവെന്നും ബ്രീ സ്റ്റീലി പറഞ്ഞു.















