ആശുപത്രികളിൽ പോകുമ്പോൾ പലപ്പോഴും നമുക്കിഷ്ടപ്പെടാത്ത കാര്യങ്ങളിലൊന്നാണ് അവിടുത്തെ കാന്റീൻ ഭക്ഷണം. രോഗികൾക്ക് പഞ്ചസാര കുറച്ചതോ, ഉപ്പ് കുറച്ചതോ ആയ ഭക്ഷണങ്ങൾ ലഭിക്കുമ്പോൾ കൂട്ടിരിപ്പുകാർക്കും മിക്ക കാന്റീനിലും രുചികരമല്ലാത്ത ഭക്ഷണങ്ങളായിരിക്കും ലഭിക്കുക. എന്നാൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തെ കൊതിയോടെ കാണുന്ന ഒരാളുണ്ട്. യുകെ പൗരനായ ഒമർ ഷാഫ് ആണ് പതിവിന് വിപരീതമായി ആശുപത്രി ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്നത്.
വർഷങ്ങളായി ആശുപത്രി ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഒമർ. യുകെയിലെ റോയൽ ബോൾട്ടൺ ആശുപത്രിയിലെ ഭക്ഷണമാണ് ഇയാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആശുപത്രിയിലെ പയറു വർഗങ്ങൾ ഉൾപ്പെട്ട ഭക്ഷണവും കേക്കും ഇഷ്ടമാണെന്ന് ഒമർ പറയുന്നു.
അസുഖ ബാധിതനായ പിതാവിന്റെ ചികിത്സയ്‌ക്കായാണ് ഒമർ ആദ്യമായി ഈ ആശുപത്രിയിലെത്തുന്നത്. ഇവിടെയെത്തിയ അദ്ദേഹം കാന്റീനിൽ നിന്നും ഭക്ഷണവും കഴിച്ചു. പിന്നീട് എപ്പോൾ നല്ല ആഹാരം കഴിക്കണമെന്ന് തോന്നിയാലും ഒമർ ഈ ആശുപത്രി കാന്റീനിലേക്ക് ഓടിയെത്തുമെന്ന് പറയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവിടുന്ന് ഭക്ഷണം കഴിക്കും. അത് തനിക്ക് പുത്തൻ ഉന്മേഷമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാന്റീനിലെ സ്ഥിരം സന്ദർശകനായതിനാൽ ഇപ്പോൾ ജീവനക്കാരുടെ കണ്ണിൽപ്പെടാതിരിക്കാനും ശ്രമിക്കാറുണ്ടെന്ന് ഇയാൾ പറയുന്നു. വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലും മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ ആശുപത്രി കാന്റീനിലേക്ക് ഒമർ എത്തുന്നത്.















