ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ നടന്ന പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ വഖഫ് ഭൂമി തട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ വിമർശനം ഉന്നയിച്ചത്.
വഖഫ് ഭൂമി തട്ടിപ്പിലൂടെ ചില രാഷ്‌ട്രീയ നേതാക്കൾ നേട്ടമുണ്ടാക്കിയിരുന്നു. കർണാടകയിലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായ അൻവർ മണിപ്പാടിയാണ് ഈ അഴിമതികൾ പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ വിശദമായ അന്വേഷണത്തിലൂടെയും റിപ്പോർട്ടിലൂടെയും വഖഫിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ സാധിച്ചു.
പാവപ്പെട്ട മുസ്ലീം സമൂഹത്തെ സംരക്ഷിക്കാൻ ആവശ്യമായ പരിഷ്കാരങ്ങളെ കുറിച്ച് മനസിലാക്കാൻ ഈ റിപ്പോർട്ട് സഹായിച്ചു. പാവപ്പെട്ട മുസ്ലീം സമൂഹത്തിന് വേണ്ടിയാണ് വഖഫ് പ്രവർത്തിക്കേണ്ടത്. എന്നാൽ അവരുടെ ക്ഷേമത്തിനായി യാതൊന്നും വഖഫ് ബോർഡ് ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് നടന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം എല്ലാ പ്രതിപക്ഷ എംപിമാരും ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ എംപിമാരായ ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, ഡിഎംകെ എംപി എ രാജ, ശിവസേന എംപി അരവിന്ദ് സാവന്ത്, AIMIM എംപി അസദുദ്ദീൻ ഒവൈസി, ആം ആദ്മി എംപി സഞ്ജയ് സിംഗ്, സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് പ്രതിപക്ഷ അംഗങ്ങൾ പ്രത്യേക യോഗം ചേർന്നു.