എറണാകുളം: ബൈക്ക് യാത്രക്കാരെ കാറിടിച്ചിട്ട് നിർത്താതെ പോയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.
കൊച്ചി കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ വച്ച് രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫഹിം സഹോദരൻ യാസിർ എന്നിവർക്ക് പരിക്കേറ്റിരുന്നു. മിറർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ശ്രീനാഥ് ഭാസിയുടെ കാറാണെന്ന് കണ്ടെത്തിയത്.
ശ്രീനാഥ് ഭാസിയുടെ വാഹനം തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തിൽപെട്ട യുവാക്കൾ പ്രതികരിച്ചു. അപകടത്തിൽ ഫഹീമിന്റെ തോളെല്ലിനും കാലിനും സാരമായി പരിക്കേറ്റിരുന്നു. ഒരു മാസത്തോളം ജോലിയ്‌ക്ക് പോകാൻ സാധിച്ചിരുന്നില്ലെന്നും ശ്രീനാഥ് ഭാസിയെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടെന്നാണ് പൊലീസ് പറയുന്നതെന്നും ഫഹീം പറഞ്ഞു.















