ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന എസ്. സി. ഒ. (ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ) ഉന്നത നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ ജയശങ്കർ പങ്കെടുത്തേക്കും.
നാളെ ഇസ്ലാമാബാദിലെ ജിന്ന കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഹോഗ് യോഗത്തിലും ജയശങ്കർ പങ്കെടുക്കും. പാക് പ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ ഉണ്ടാകില്ലെന്നാണ് വിവരം. രാജ്യങ്ങളിലെ പ്രതിനിധികൾക്ക് പാക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രിയുടെ 300 അംഗ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയിരുന്നു.
എസ് സി ഒ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിൽ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 9,000-ത്തിലധികം സുരക്ഷാ സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. യോഗത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചിടും.















