കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അതീവ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചത്. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. പരിപാടിയിലേക്ക് ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്.
ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിക്കെതിരെയാണ് ദിവ്യ വിമർശനം ഉന്നയിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു നവീൻ ബാബു.
ജീവിതത്തിൽ സത്യസന്ധത എപ്പോഴും പാലിക്കണമെന്നും കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലുളള പ്രവർത്തനങ്ങൾ ആയിരിക്കരുത് ഇനി പോകുന്ന സ്ഥലത്ത് നടത്തുന്നതെന്നും പി.പി ദിവ്യ പറഞ്ഞിരുന്നു. നവീൻ ബാബുവിന് ഉപഹാരം നൽകുന്ന ചടങ്ങിൽ പോലും പിപി ദിവ്യ പങ്കെടുത്തില്ല. അതിന് താൽപര്യമില്ലെന്നും അവർ വേദിയിൽ തുറന്നു പറഞ്ഞ ശേഷം ഇറങ്ങിപ്പോകുകയായിരുന്നു.
സ്വദേശമായ പത്തനംതിട്ടയിലേക്ക് ആയിരുന്നു നവീൻ ബാബുവിന്റെ സ്ഥലംമാറ്റം. രാവിലെ വീട്ടിൽ എത്തേണ്ടതായിരുന്നു. വൈകിട്ട് നാട്ടിലേക്ക് പോകുമെന്നായിരുന്നു പറഞ്ഞത്. ഭാര്യ ഡ്രൈവറെ വിളിച്ച് ഇതുവരെ എത്തിയില്ലെന്ന് പറഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.