പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് പി. പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്ത് എംഡിഎ നവീൻ ബാബു ജീവനൊടുക്കിയതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. സിപിഎം അനുകൂല സംഘടനയായ കെജിഒ എയിലെ അംഗമാണ് അവൻ. ട്രാൻസ്ഫർ ചോദിച്ച് വാങ്ങിയതാണ്. ഞാനും കൂടി ഇടപെട്ടിട്ടാണ് നാട്ടിലേക്ക് ട്രാൻസഫർ റെഡിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അമ്മാവൻ ഈ പാർട്ടി സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്നും അമ്മാവൻ പറഞ്ഞു. ” അഞ്ച് പൈസ ജീവിതത്തിൽ ആരുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടില്ല. പ്രമൊഷന് പിന്നാലെ കാസർക്കോടാണ് പോസ്റ്റിംഗ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരിൽ എത്തിയത്. ഇലക്ഷൻ കഴിഞ്ഞ് മറ്റെല്ലാവർക്കും ട്രാൻസ്ഫർ ലഭിച്ചിട്ടും അവനെ വിട്ടില്ല. നല്ലൊരു ആഫീസറാണെന്ന് പറഞ്ഞ് അവിടെ നിർത്തിയിരിക്കുകയായിരുന്നു. രണ്ടരക്കൊല്ലമായി അവൻ അവിടെയായിരുന്നു.
വില്ലേജ് ഓഫീസറായി മുകളിലേക്ക് വന്നയാളാണ്. ഒരു സമ്മർദ്ദത്തിന് വഴങ്ങുന്നയാളല്ല. ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യമാമെങ്കിൽ കൃത്യമായി ചെയ്ത് കൊടുക്കും. ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. ഇപ്പോൾ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് വേറെയെന്തൊ കാര്യത്തിനാണ്. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും”- അമ്മാവൻ പറഞ്ഞു.
ട്രെയിനിൽ വരുമെന്ന് ഇന്നലെ പറഞ്ഞത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയും കൊണ്ട് മോളും മക്കളും പോയതാണ്. വണ്ടിയിൽ ഇല്ലെന്ന് മനസിലായതോടെ മോള് എന്നെ വിളിച്ചു. ഒടുവിൽ കളക്ടർ ഇടപെട്ട് പരിശോധിച്ചപ്പോഴാണ് ഫോൺ ലൊക്കേഷൻ കണ്ണൂര് തന്നെയാണെന്ന് മനസ്സിലായെന്നും അമ്മാവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.