തിരുവനന്തപുരം: കൊച്ചി സ്വദേശിനിയായ നടിയുടെ ലൈംഗികാരോപണ കേസിൽ നടൻ ജയസൂര്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരായാലും നടനെ അറസ്റ്റ് ചെയ്യരുതെന്ന്
ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയസൂര്യ നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്.
ജയസൂര്യക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2008-ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ച് ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി.
പരാതിക്കാരി ആരോപിക്കുന്ന ദിവസം സെക്രട്ടറിയേറ്റിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്ന കാര്യത്തിൽ വ്യക്തതയല്ല. അതിന്റെ രേഖകളൊന്നും സെക്രട്ടറിയേറ്റിലില്ല. ശുചിമുറിയുടെ സമീപത്ത് വച്ചാണ് സംഭവം ഉണ്ടായതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, നിലവിൽ അവിടെ ഓഫീസ് മുറികളാണുള്ളത്.
നടിയെ വിളിപ്പിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും സംഭവ സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിയ്‌ക്ക് സാധിച്ചിരുന്നില്ല. സിസിടിവികളോ മറ്റ് തെളിവുകളോ ഇല്ലാത്തതുകൊണ്ട് തന്നെ ജയസൂര്യക്കെതിരെയുള്ള കേസ് ബലപ്പെടില്ലെന്നാണ് വിവരം.