തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇതിനൊരു തീരുമാനം ഉണ്ടാകുന്നത് വരെ താൻ ഉറപ്പായും പോരാടുമെന്നും ഇനി ഇങ്ങനെയൊരു വ്യാജ ആരോപണം ആർക്കെതിരെയും ഉണ്ടാകാൻ പാടില്ലെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“ആരോപണം ഉന്നയിച്ച സ്ത്രീകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. 2013-ൽ തൊടുപുഴയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിച്ചു. സോഷ്യൽ മീഡിയ ഇതിനെ പൊക്കിയെടുത്ത് അത് ഞാനാണ് എന്നുള്ള രീതിയിൽ പറഞ്ഞു. ആ സിനിമയുടെ ഷൂട്ടിംഗ് 2011-ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല കൂത്താട്ടുകുളത്തായിരുന്നു ആ സിനിമയുടെ ലൊക്കേഷൻ.
2008-ൽ സെക്രട്ടറിയേറ്റിന്റെ സമീപത്ത് വച്ച് ഞാൻ ലൈംഗികാതിക്രമം നടത്തിയതായി ഒരു സ്ത്രീ പറഞ്ഞു. നമുക്ക് സെക്രട്ടറിയേറ്റിന്റെ ഒന്നാം നിലയിൽ രണ്ട് മണിക്കൂർ മാത്രമാണ് ഷൂട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പക്ഷേ അവർ എങ്ങനെയാണ് രണ്ടാമത്തെ നിലയിൽ കയറിയതെന്ന് അറിയില്ല”.
സാധാരണക്കാരനെതിരെയാണ് ഇങ്ങനെയൊരു ആരോപണം വരുന്നതെങ്കിൽ അവരുടെ കുടുംബം തകരും. ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ എന്നാണ് വിശ്വസിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും ജയസൂര്യ പറഞ്ഞു.















