കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ പമ്പുടമ പ്രശാന്തൻ. എൻഒസിക്കായി ഒരു ലക്ഷം രൂപ നവീൻ ബാബു ആവശ്യപ്പെട്ടിരുന്നുവെന്നും കുറച്ച് പണം നൽകിയെന്നും ദിവ്യയോട് ഇക്കാര്യം സൂചിപ്പിച്ചെന്നും പ്രശാന്തൻ പ്രതികരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും പ്രശാന്തൻ പറഞ്ഞു.
ഇതിനിടെ പ്രശാന്തൻ സിപിഎം അംഗമാണെന്ന് വിവരവും പുറത്ത് വരുന്നുണ്ട്. പ്രശാന്തന്റേത് പ്രദേശത്ത് സ്വാധിനമുള്ള പാർട്ടി കുടുംബമാണ്. എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കെയുടെ ബന്ധുവാണ് പ്രശാന്തൻ.
അതേസമയം നവീനെ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയെ തള്ളി റവന്യുമന്ത്രി രാജൻ രംഗത്ത് വന്നു. നവീൻ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. കളക്‌ടറോട് എത്രയും വേഗത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം അലയടിക്കുകയാണ്. പി. പി ദിവ്യയുടെ ഭർത്താവ് പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരനാണെന്നും പോസ്റ്റു മോർട്ടം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആരോപണവും ശക്തമാണ്. ഇൻക്വിസ്റ്റ് നടപടി വൈകിപ്പിച്ചതും വിവാദമായിട്ടുണ്ട്. ഇതിന് പിന്നാലെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയില്ലെന്ന് പൊലീസ് വാദവും പ്രതിഷേധക്കാർ തള്ളി.















