കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ജനരോക്ഷം കടുക്കുകയാണ്. ക്ഷണിക്കപ്പെടാത്ത വേദിയിൽ വൈരാഗ്യ ബുദ്ധിയോടെ കയറിച്ചെന്നാണ് കണ്ണൂര്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ അഴിമതി ആരോപണം നടത്തിയത്. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിന്റെ മരണം. സംഭവത്തിൽ പി പി.പി ദിവ്യയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പോരാളി ഷാജി.
എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചതിന് പിന്നാലെയാണ് പി.പി ദിവ്യയെ പിന്തുണച്ച് സിപിഎമ്മിന്റെ സൈബർ ഗ്രൂപ്പ് ആയ പോരാളി ഷാജി രംഗത്ത് വന്നത്. ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുക മാത്രമാണ് പി പി ദിവ്യ ചെയ്തതെന്നും വേണമെങ്കിൽ എഡിഎമ്മിനെ ചെരുപ്പു മാല അണിയിക്കുമെന്നും പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചു. ‘വേദി കിട്ടിയില്ലെങ്കിൽ ഇടിച്ചു കയറുമെന്നും’ ക്ഷണിക്കാത്ത വേദിയിൽ പി.പി ദിവ്യ പോയതിനെ പോരാളി ഷാജി ന്യായീകരിക്കുന്നു.
പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിലാണ് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.















