ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെന്നൈയിലും തിരുവള്ളൂർ ജില്ലയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകളിൽ വെള്ളത്തിനടിയിലായി. ചെന്നൈ നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിലയിരുത്തി.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ സ്ഥലത്ത് നിന്ന് മാറി താമസിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.