മുംബൈ: അഞ്ച് വർഷത്തിനിടെ ഉത്പാദന മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ. സെമി കണ്ടക്ടർ, ഇലക്ട്രിക് വാഹനം, ബാറ്ററിയും മറ്റ് അനുബന്ധ മേഖലകളിലുമായാകും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ഇന്ത്യയെ വികസിത രാഷ്‌ട്രമാകുകയെന്ന ലക്ഷ്യത്തിൽ ഉൽപ്പാദനത്തിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദന മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ രാജ്യത്ത് പുരോഗതി കൈവരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിമാസം ഒരു ദശലക്ഷം പേരാണ് തൊഴിൽ മേഖലയിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാമിലെ സെമികണ്ടക്ടർ പ്ലാൻ്റാണ് ടാറ്റ ഗ്രൂപ്പിന്റെ അടുത്ത പ്രൊജക്ടെന്നും നിരവധി തൊഴിലവസരങ്ങളാകും ഇത് സൃഷ്ടിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
സെമികണ്ടക്ടർ പോലുള്ള മേഖലയിൽ കൂടുതൽ അവസരങ്ങളാണുള്ളത്. 100 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിർമാണ മേഖലയിലെ തൊഴിലവസരങ്ങളിൽ 7.4 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 1.3 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് കേവലം 1.1 ദശലക്ഷം മാത്രമായിരുന്നു. മൊത്തം വ്യാവസായിക ഉൽപാദനം 21.5 ശതമാനം ഉയർന്ന് 144.86 ട്രില്യൺ രൂപയിലെത്തി.