ഹൈദരാബാദ്: മുത്യാലമ്മ ക്ഷേത്രം തകർത്ത കേസിൽ തീവ്ര ഇസ്ലാമിസ്റ്റായ പ്രതി അറസ്റ്റിൽ. തൊപ്പി ധരിച്ചെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സലീം സൽമാൻ താക്കൂർ എന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്.
മസ്ജിദിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സലീം ക്ഷേത്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. സെക്കന്തരാബാദിലെ ഒരു ഹോട്ടലിലാണ് പ്രതി താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് മസ്ജിദിലേക്ക് പോകും വഴിയാണ് ക്ഷേത്രം ആക്രമിച്ചതെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് ഹോട്ടലിൽ പോലീസ് റെയ്ഡും നടത്തി.
ക്ഷേത്രം ആക്രമിക്കുമ്പോൾ സലീമിനൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. സെപ്തംബർ 14 തിങ്കളാഴ്ചയാണ് തെലങ്കാനയിലെ കുർമഗുഡ മേഖലയിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കപ്പെട്ടത്. തുടർന്ന് സെക്കന്ദരാബാദിൽ സംഘർഷം ഉടലെടുത്തു. ഇത് ഹിന്ദു നിവാസികളുടെ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവാസികൾ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചു. ബിജെപി നേതാക്കളും അവരോടൊപ്പം ചേർന്നു. മാധവി ലതയടക്കം നിരവധി ബിജെപി നേതാക്കളെ ജയിലിലടച്ചു. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ക്ഷേത്രത്തിലെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
ക്ഷേത്രം അക്രമിക്കപ്പെട്ട സംഭവം വെറും മോഷണശ്രമം മാത്രമാണെന്ന നിലയിലാണ് കോൺഗ്രസ് വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. ഇതും വലിയ വിവാദമായിരുന്നു. സലീം ചെയ്തത് ഹിന്ദു ദൈവങ്ങളോടുള്ള വെറുപ്പും അനാദരവുമുള്ള നഗ്നമായ പ്രവൃത്തിയാണെന്ന് ബിജെപി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ കേവലം മതവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ ജനങ്ങളെ ബന്ധിപ്പിക്കുന്ന സൗഹാർദ്ദത്തിനെതിരായ ആക്രമണമാണ്. പവിത്രമായ മാതാ വിഗ്രഹത്തെ അവഹേളിച്ചതിന് ഉത്തരവാദിയായ കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ് എന്നും ബിജെപി തുറന്നടിച്ചു.















