ന്യൂഡൽഹി: യുഎസിൽ നിന്നും 31 പ്രിഡേറ്റർ ഡ്രോണുകൾ 32,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടു. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ എത്തിയാണ് കരാർ നടപടികൾ പൂർത്തീകരിച്ചത്. ഇരു രാജ്യങ്ങളിലേയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കഴിഞ്ഞാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി കരാറിന് അന്തിമ അനുമതി നൽകിയത്. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിലാണ് മെഗാ ഡ്രോൺ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ. 31 എണ്ണത്തിൽ നാവികസേനയ്‌ക്ക് 15 എണ്ണവും കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും എട്ടുവീതവും ലഭിക്കും.ചെന്നൈയ്‌ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ സാധ്യമായ നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഡ്രോണുകൾ സ്ഥാപിക്കുന്നത്. യുപിയിൽ കര- വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ്സ്റ്റേഷൻ ഒരുക്കും.
കാബൂളിൽ അൽ-ഖ്വയ്ദ ഭീകരൻ അയ്മാൻ അൽ-സവാഹിരിയെ വധിക്കാൻ യുഎസ് ഉപയോഗിച്ചത് MQ-9B വിഭാഗത്തിൽപ്പെടുന്ന പ്രിഡേറ്റർ ഡോണുകളാണ്. പാക്- ചൈന അതിർത്തിൽ ആകാശ നിരീക്ഷണവും ഇതിലൂടെ സുഗമമാകും. ഒറ്റപ്പറക്കലിന് 35 മണിക്കൂർ ഇവയ്‌ക്ക് സഞ്ചരിക്കാം. കൂടാതെ നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കാൻ കഴിയും.