തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ പരിശീലകൻ ഗൗതം ഗംഭീർ നൽകുന്ന പിന്തുണയെക്കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. ഗൗതി ഭായ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും ഒന്നും പേടിക്കേണ്ട ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി സഞ്ജു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ ഓപ്പണറായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കം തുടങ്ങാനും നിർദ്ദേശം നൽകിയിരുന്നു. മൂന്നു മത്സരത്തിലും കളിക്കുമെന്ന് ടീം മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നതായും സഞ്ജു വെളിപ്പെടുത്തി.
”ഗൗതം ഭായിക്ക് കമ്മ്യൂണിക്കേഷൻ സ്കിൽസ് ഉണ്ട്. ഉള്ള കാര്യം ഉള്ളത് പോലെ പറയും. നീ പേടിക്കണ്ട. നിനക്കുള്ള എന്റെ പിന്തുണ എന്തായാലും ഉണ്ടാകും. എനിക്കറിയാം നീ എത്രയും നന്നായി കളിക്കുന്ന പ്ലെയറാണെന്ന്. നമ്മൾ ഇത്രയും വർഷമായി കാണുന്നുണ്ട്. അങ്ങനത്തെ രീതിയിൽ സമ്മർദമൊന്നുമില്ല. നീ മത്സരവും നിന്റെ ബാറ്റിംഗും ആസ്വദിക്കാൻ നോക്ക്. ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്”.–എന്നാണ് അദ്ദേഹം പറഞ്ഞത്.
അങ്ങനത്തെ ഒരു വിശ്വാസം ഒരു കോച്ച് നൽകുമ്പോൾ ഒരു താരത്തിന് വലിയാെരു ആത്മവിശ്വാസം ഉണ്ടാകും. അത് എനിക്ക് ലഭിക്കുന്നുണ്ട്–സഞ്ജു പറഞ്ഞു. ശ്രീലങ്കൻ സീരിസിന് ശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഒരു മാസം ലഭിച്ചു. ഇതിന് ശേഷം ദുലീപ് ട്രോഫിയിൽ അവസരം ലഭിച്ചു. ഇവിടെ സെഞ്ചുറിയടിച്ച് നല്ലൊരു പ്രകടനം നടത്താൻ കഴിഞ്ഞു. ഇതും ഗുണം ചെയ്തുവെന്നും സഞ്ജു പറഞ്ഞു.















