പ്രയാഗ്‌രാജ്: ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .
സ്ത്രീയുമായി ദീർഘകാലമായി നിലനിൽക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഐപിസി 375-ാം വകുപ്പിൽ നിർവചിക്കുന്ന അർഥത്തിൽ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി പറഞ്ഞു . ഇതിനെ തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് മൊറാദാബാദ് സ്വദേശിയായ യുവാവിനെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി.
ശ്രേയ് ഗുപ്ത എന്നയാൾ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അനീഷ് കുമാർ ഗുപ്ത യാണ് മൊറാദാബാദിലെ കോടതിയുടെ മുമ്പാകെ ഹർജിക്കാരനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയത്.
തന്റെ ഭർത്താവിന്റെ മരണശേഷം വിവാഹ വാഗ്‌ദാനം നൽകി ശ്രേയ് ഗുപ്ത താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചതായി ആരോപിച്ച് ഒരു യുവതി പരാതി നൽകുകയായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് ഗുപ്ത പലതവണ വാക്ക് നൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ലംഘിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും അവർ പരാതിപ്പെട്ടു.തങ്ങൾ അടുത്തിടപഴകുന്ന ഒരു വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഗുപ്ത 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 386 (കൊള്ളയടിക്കൽ) എന്നിവ പ്രകാരം ഹരജിക്കാരനെതിരേ രെജിസ്റ്റർ ചെയ്ത എഫ് ഐ ആറും കുറ്റപത്രവുമാണ് വിചാരണക്കോടതി പരിഗണിച്ചത്. എന്നാൽ ഈ കുറ്റപത്രവും മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 482 പ്രകാരം പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വസ്തുതകൾ പരിശോധിച്ച കോടതി, വിധവയായ പരാതിക്കാരിയും പ്രതിയും പരാതിക്കാരിയുടെ ഭർത്താവ് ജീവിച്ചിരിക്കുമ്പോഴുൾപ്പെടെ ഏകദേശം 12-13 വർഷത്തോളം ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം പുലർത്തിയിരുന്നതായി നിരീക്ഷിച്ചു.
തന്നേക്കാൾ വളരെ പ്രായം കുറഞ്ഞതും തന്റെ പരേതനായ ഭർത്താവിന്റെ ബിസിനസ്സിലെ ജീവനക്കാരനുമായ ഹർജിക്കാരൻ ശ്രേയ് ഗുപ്തയുടെ മേൽ പരാതിക്കാരിയായ സ്ത്രീ അനാവശ്യ സ്വാധീനം ചെലുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി ഗുപ്തയ്‌ക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി.















