കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (ബുധൻ) കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. സംഭവത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. നാളെ (ബുധൻ) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിജെപിയുടെ ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എഡിഎമ്മിന്റെ മരണത്തിനുപിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങിന് പ്രതികാര മനോഭാവത്തോടെ എത്തി ഒരു ഉദ്യോഗസ്ഥനെ പരസ്യമായി ആക്ഷേപിച്ച പിപി ദിവ്യക്കെതിരെ നരഹത്യാ കേസെടുക്കണമെന്നും ഇവർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് നിയമ നടപടി നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നാലെയായിരുന്നു മരണം.
രാവിലെ മുതൽ പിപി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിൽ കടന്നുകയറിയ പ്രവർത്തകരെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പിപി ദിവ്യയുടെ കോലം കത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.