ഒരിടവേളയ്‌ക്ക് ശേഷം മുംബൈയും ലോറൻസ് ബിഷ്ണോയിയുമാണ് വാർത്തകളിൽ നിറയുന്നത്. മുംബൈ നഗരം വീണ്ടും ചോരക്കളമാവുകയാണ്, കൊലവിളിയുടെയും ഭീഷണിയുടെയും സന്ദേശങ്ങളാണ് മുഴങ്ങുന്നത്. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ വേരുറപ്പിക്കുന്ന കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
നടൻ സൽമാൻ ഖാനുള്ള ഭീഷണിക്കത്തുകളിലൂടെയാണ് ആദ്യമായി ലോറൻസ് ബിഷ്ണോയിയുടെ പേര് കേട്ടുതുടങ്ങിയത്. അദ്ദേഹത്തിന്റെ വീടിന് നേരെ വെടുയുതിർത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പഞ്ചാബിലെ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസാവാലെയെ കൊലപ്പെടുത്തിയതോടെ ബിഷ്ണോയി സംഘം വാർത്തകളിൽ നിറഞ്ഞു.
നിലവിൽ ഗുജറാത്തിലെ സബർമതി ജയിലാണെങ്കിലും വിദേശരാജ്യങ്ങളിലിരുന്ന് സഹോദരനും ഗുണ്ടകളുമാണ് സംഘത്തെ നയിക്കുന്നത്. ഏറ്റവുമൊടുവിലായി എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെയും ബിഷ്ണോയി സംഘം വകവരുത്തി.
ഇന്ത്യയിലുടനീളമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ട് കുപ്രസിദ്ധി നേടിയ ഗുണ്ടാസംഘത്തിന്റെ തലവനാണ് 31-കാരനായ ലോറൻസ് ബിഷ്ണോയി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ 1993-ലാണ് ലോറൻസ് ബിഷേണോയിയുടെ ജനനം. കോളേജ് പഠനകാലത്താണ് ബിഷ്ണോയിയുടെ ക്രമിനൽ യാത്ര ആരംഭിക്കുന്നത്. ബിഷ്ണോയി സമുദായത്തിൽപെട്ട ലോറൻസ് പഠനത്തിൽ മിടുക്കനായിരുന്നു. എന്നാൽ 2011-12 കാലഘട്ടത്തിൽ വിദ്യാർത്ഥി യൂണിയനുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. പിന്നീട് സമാന ചിന്തഗതിക്കാരുടെ സംഘത്തെ രൂപീകരിക്കുകയായിരുന്നു.
പിന്നീട് കൊള്ളയടിക്കൽ, കൊലപാതകം, മയക്കുമരുന്ന കടത്ത് എന്നിവയുൾപ്പടെയുള്ള പ്രവർത്തനങ്ങൾ ബിഷ്ണോയി സംഘം സജീവമായി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. 1998-ൽ രാജസ്ഥാനിൽ “ഹം സാത്ത്-സാത്ത് ഹേ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ ഉൾപ്പടെയുള്ള സംഘം കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് ആരോപണം. അന്ന് ലോറൻസ് ബിഷ്ണോയിക്ക് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം.
വിശുദ്ധ മൃഗമായാണ് ബിഷ്ണോയി വിഭാഗത്തിന് കൃഷ്ണമൃഗത്തെ കാണുന്നത്. സംഭവം വാർത്തയായതോടെ ബിഷ്ണോയി സമൂഹം ഒന്നടങ്കം അമർഷത്തിലായി. ബാല്യ കൗമാരം കഴിഞ്ഞ് യുവത്വത്തിലെത്തിയപ്പോഴും ലോറൻസ് ബിഷ്ണോയിയുടെ കലിപ്പ് അടങ്ങിയില്ല. 2018-ൽ കസ്റ്റഡിയിലിരിക്കെയാണ് ജോധ്പൂരിൽ വച്ച് നടനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയത്. വർഷങ്ങളായി സംഘത്തിന്റെ നോട്ടപ്പുള്ളിയാണ് സൽമാൻ ഖാൻ.
പിന്നാലെ 2022-ൽ സിദ്ധു മൂസാവാലയുടെ കൊലപാതകത്തോടെ ലോറൻസ് ബിഷ്ണോയിയുടെ പേര് വീണ്ടും ചർച്ച ചെയ്യപ്പെട്ടു. ബിഷ്ണോയി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കാനഡയിലെ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ സമയം ലോറൻസ് ബിഷ്ണോയി ജയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന് കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു.
2023-ൽ കർണി സേന തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിലും കാനഡയിലെ ഗായകരായ എപി ധില്ലന്റെയും ജിപ്പി ഗരേവാളിന്റെയും വീടുകൾക്ക് നേരെ വെടിയുതിർത്തതിലും സംഘത്തിന് പങ്കുണ്ടെന്നാണ് വാർത്തകളും പുറത്തുവന്നിരുന്നു.
സംഘത്തിന്റെ പരമപ്രധാനമായ ലക്ഷ്യമാണ് സൽമാൻ ഖാൻ. 2023-ൽ അദ്ദേഹത്തിന്റെ വസതിക്ക് നേരെ വെടിവയ്പ്പുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോറൻസ് ബിഷ്ണോയി സംഘം സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നുവെന്നും ഇതിനായി പാകിസ്താനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാനും സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി കണ്ടെത്തി.
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ വച്ച് ഏറ്റവും അപകടകരമായ ക്രമിനിൽ സംഘടനകളിലൊന്നാണ് ലോറൻസ് ബിഷ്ണോയി സംഘം. 2014 മുതൽ ലോറൻസ് ബിഷ്ണോയി ജയിലിൽ ആണെങ്കിലും സംഘം ഇന്നും സജീവമാണെന്ന് തെളിയിയുകയാണ് ബാബ സിദ്ദിഖിയുടെ വധത്തിലൂടെ. ബാബ സിദ്ദിഖിന്റെ മകൻ സീഷാൻ സിദ്ദിഖിനെയും സംഘം ലക്ഷ്യമിട്ടതായാണ് വിവരം.
കഴിഞ്ഞ മാസം സ്റ്റാൻഡ് അപ്പ് കോമേഡിയനായ മുനവർ ഫറൂഖിയെയും സംഘം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രഹസ്യാന്വേഷണ ഏജൻസിയുടെ ഇടപെടലാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. ഹൈന്ദവരെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വധശ്രമം.
സിഗ്നൽ, ടെലഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെയും വിപിഎൻ വഴിയുമൊക്കെയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ. 700-ഓളം പേരാണ് സംഘത്തിലുള്ളത്. ഖലിസ്ഥാൻ അനുകൂല സംഘടനകളുമായും ബിഷ്ണോയി സംഘത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.















